കൊച്ചി: സംസ്ഥാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന പ്രഥമ കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്കിൽ (KIRF) 2025 സർവകലാശാല വിഭാഗത്തിൽ ഒന്നാം റാങ്ക് തുടർച്ചയായി നേടി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു റാങ്കിങ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ (KSHEC) നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സംസ്ഥാനതല റാങ്കിങ്, അക്കാദമിക മികവ്, ഗവേഷണ നേട്ടങ്ങൾ. നവീകരണം, സ്ഥാപനത്തിന്റെ സമഗ്ര പ്രവർത്തന ഫലപ്രാപ്തി എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നത്.
2025 ലെ റാങ്കിങിൽ 100ൽ 87.346 സ്കോർ നേടി കുസാറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 82.288 സ്കോർ നേടി മഹാത്മാഗാന്ധി സർവകലാശാല രണ്ടാം സ്ഥാനവും, 72.858 സ്കോർ നേടി കാലിക്കറ്റ് സർവകലാശാല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രധാന മാനദണ്ഡങ്ങളിലുടനീളം കുസാറ്റ് പ്രകടിപ്പിച്ച സ്ഥിരതയാർന്ന അക്കാദമിക മികവും സമഗ്ര പ്രകടനവുമാണ് ഈ മുന്നേറ്റത്തിന് അടിസ്ഥാനം.
KIRF റാങ്കിംഗിന്റെ ആദ്യ പതിപ്പായ 2024ലും കുസാറ്റ് ഒന്നാം സ്ഥാനമാണ് നേടിയിരുന്നത്. 2025ൽ എല്ലാ മാനദണ്ഡങ്ങളിലും സ്കോർ വർധിച്ചതിലൂടെ സർവകലാശാലയുടെ ഗുണമേന്മ മെച്ചപ്പെടുത്താനുള്ള തുടർച്ചയായ പരിശ്രമവും മികവിലേക്കുള്ള പ്രതിബദ്ധതയും വ്യക്തമായി തെളിയിക്കുന്നു.
KIRF ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തുന്നത് അധ്യാപന നിലവാരം, ഗവേഷണ മികവ്, വിദ്യാർത്ഥി നേട്ടങ്ങൾ, സാമൂഹിക ഇടപെടൽ, ഉൾക്കൊള്ളൽ തുടങ്ങിയ മാനദണ്ഡങ്ങളിലൂടെയാണ്. Teaching, Learning & Resources (TLR), Knowledge Dissemination & Research Excellence (KDRE), Graduation Outcome (GO), Outreach & Inclusivity (OI), Scientific Temper & Secular Outlook (STSO), Innovation & Entrepreneurship (IE) എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു 2025-ലെ വിലയിരുത്തൽ. ഈ ബഹുമുഖ വിലയിരുത്തൽ ഘടനയിൽ അധ്യാപന-അധ്യയന പ്രക്രിയകൾ, ഗവേഷണ മികവ്, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥി നേട്ടങ്ങൾ, സാമൂഹിക പങ്കാളിത്തം, നവോത്ഥാന-സംരംഭക പ്രവർത്തനങ്ങൾ എന്നിവയിൽ കുസാറ്റ് ശക്തമായ പ്രകടനം കാഴ്ചവെച്ചതിന്റെ തെളിവാണ് ഒന്നാം സ്ഥാനം.
“2025 KIRF സർവകലാശാല റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനം നേടാനായത് അഭിമാനകരമാണ്. അക്കാദമിക നിലവാരം,ഗവേഷണ മികവ്, സാമൂഹിക ഉത്തരവാദിത്വം എന്നിവയിലുള്ള തങ്ങളുടെ സ്ഥിരതയാർന്ന പ്രതിബദ്ധതയുടെ അംഗീകാരമാണ് ഈ നേട്ടം. അധ്യാപന-ഗവേഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും നവീകരണവും സാമൂഹിക ഇടപെടലും വിദ്യാർത്ഥി വിജയവും ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നതിന്റെ ഫലമാണ് ഇത്,” എന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി അറിയിച്ചു.








